ന്യൂഡൽഹി: യഥാർഥ തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കറെ സമീപിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ് വിമതർ. തങ്ങൾക്കൊപ്പം 19 അംഗങ്ങൾ ഉണ്ടെന്നും യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്നും വിമത എംപിമാരിലൊരാളായ ജഗദീഷ് ചന്ദ്ര ബർമ ബസുനിയ പറഞ്ഞു.
കുച്ച് ബെഹാറിൽ നിന്നുള്ള എംപിയാണ് ബസുനിയ. വിമതപക്ഷം ലോക്സഭയിൽ എൻഡിഎ പക്ഷത്തെ പിന്തുണയ്ക്കുമെന്നും ബസൂനിയ സൂചനനൽകി. തങ്ങളുടെ അവകാശവാദം അംഗീകരിക്കാൻ സ്പീക്കറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരേ കല്യാൺ ബാനർജി നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറയുന്നത് ശരിയാണെന്നും കല്യാൺ ബാനർജിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു ബസുനിയുടെ മറുപടി.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയാണുണ്ടായത്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതപക്ഷത്തേക്ക് മാറി. ഇതിനുപിന്നാലെയാണ് എംപിമാരും വിമതചേരിയിലേക്ക് എത്തുന്നത്.